ശബരിമല മണ്ഡല-മകരവിളക്ക് തീർഥാടനം, പമ്പയിൽ സ്പോട്ട് ബുക്കിങ് ഉണ്ടാകില്ല
പത്തനംതിട്ട: വരാനിരിക്കുന്ന ശബരിമല മണ്ഡല-മകരവിളക്ക് തീർഥാടന കാലത്തേക്കുള്ള (2026–2027) വെർച്വൽ ക്യൂ ബുക്കിങ് 2026 ഒക്ടോബർ 29 രാവിലെ 10 മണി മുതൽ ആരംഭിക്കും.തീർഥാടകരുടെ തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി പ്രതിദിനം 80,000 ഭക്തർക്ക് മാത്രമാണ് ദർശനാനുമതി ഉണ്ടായിരിക്കുക. ഇതിൽ 66,000 പേർക്ക് ഓൺലൈൻ വെർച്വൽ ക്യൂ വഴിയും 14,000 പേർക്ക് സ്പോട്ട് ബുക്കിങ് വഴിയും പ്രവേശനം ലഭിക്കും. കേരള ഹൈക്കോടതി ഉത്തരവനുസരിച്ച് പമ്പയിൽ റിയൽ ടൈം സ്പോട്ട് ബുക്കിങ് സൗകര്യം ലഭ്യമായിരിക്കില്ല. പകരം നിലയ്ക്കൽ (10,000), എരുമേലി (2,000), വണ്ടിപെരിയാർ സത്രം (2,000) എന്നിവിടങ്ങളിലെ ഇടത്താവളങ്ങളിൽ സജ്ജീകരിച്ചിരിക്കുന്ന കൗണ്ടറുകൾ വഴി മാത്രമായിരിക്കും സ്പോട്ട് ബുക്കിങ് അനുവദിക്കുക. ഭക്തർക്ക് sabarimalaonline.org എന്ന ഔദ്യോഗിക വെബ്‌സൈറ്റ് വഴി വെർച്വൽ ക്യൂ സ്ലോട്ടുകൾ സൗജന്യമായി ബുക്ക് ചെയ്യാം. 2026 നവംബർ 16 ന് വൈകുന്നേരം മണ്ഡല കാലത്തിനായി നട തുറക്കും. യാത്ര തിരിക്കും മുമ്പ് ഭക്തർ ഓൺലൈൻ ബുക്കിങ് പൂർത്തിയാക്കണമെന്ന് അധികൃതർ നിർദേശിച്ചു.