2026

24 Oct 2026

വെൻഡിങ് മെഷീനുകൾ, അഞ്ചൽ വിതരണം: ശബരിമല അരവണ വിതരണത്തിന് ഡിജിറ്റൽ മുഖച്ഛായ

പത്തനംതിട്ട: മണ്ഡല-മകരവിളക്ക് തീർഥാടന കാലത്ത് സന്നിധാനത്തിലെ തിരക്ക് കുറയ്ക്കാനും ഭക്തർക്ക് എളുപ്പത്തിൽ പ്രസാദം ലഭ്യമാക്കാനും ലക്ഷ്യമിട്ട് അരവണ വിതരണത്തിൽ വിപ്ലവകരമായ ഡിജിറ്റൽ മാറ്റങ്ങളുമായി തിരുവിതാംകൂർ ദേവസ്വം ബോർഡ്.
പ്രധാന മാറ്റങ്ങൾ:

ക്യു.ആർ കോഡ് അടിസ്ഥാനമാക്കിയുള്ള വെൻഡിങ് മെഷീനുകൾ: സൗത്ത് ഇന്ത്യൻ ബാങ്കിന്റെ സഹകരണത്തോടെ സന്നിധാനത്തെ വിതരണ കൗണ്ടറുകൾക്ക് സമീപം 6 സ്വയം നിയന്ത്രിത വെൻഡിങ് മെഷീനുകൾ സ്ഥാപിക്കും. ക്യു.ആർ കോഡ് സ്കാൻ ചെയ്ത് ഡിജിറ്റൽ പണമടയ്ക്കൽ പൂർത്തിയാക്കുന്നതിലൂടെ ഭക്തർക്ക് ക്യൂ നിൽക്കാതെ തന്നെ അരവണ ഡപ്പികൾ കരസ്ഥമാക്കാം.

തപാൽ വകുപ്പ് വഴി വീടുകളിലേക്ക്: സന്നിധാനത്തിൽ വലിയ തിരക്ക് അനുഭവപ്പെടുകയോ പ്രസാദ വിതരണത്തിൽ പ്രയാസങ്ങൾ നേരിടുകയോ ചെയ്യുന്ന സാഹചര്യങ്ങളിൽ അരവണ നേരിട്ട് ഭക്തരുടെ വീടുകളിലേക്ക് തപാൽ മാർഗം എത്തിക്കുന്ന പദ്ധതിയും ബോർഡിന്റെ പരിഗണനയിലുണ്ട്. ഇതുമായി ബന്ധപ്പെട്ട് തപാൽ വകുപ്പുമായി പ്രാഥമിക ചർച്ചകൾ ആരംഭിച്ചതായി ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ അറിയിച്ചു.

24 October 2026