പൂജാസമയം

തീര്‍ത്ഥാടനകാലം- മകരവിളക്ക് മഹോത്സവം

പൂജ

സമയം

രാവിലെ

ശ്രീകോവില്‍ നട തുറക്കല്‍, നിര്‍മ്മാല്യം, അഭിഷേകം 

3:00 AM

ഗണപതിഹോമം

3:30 AM

നെയ്യഭിഷേകം

03.30am മുതല്‍ 07amവരെ

ഉഷപൂജ

07.30am മുതല്‍

നെയ്യഭിഷേകം

8:30 – 11:00  AM

നെയ്യഭിഷേകം/നെയ്ത്തോണിയിലെ നെയ്യ് ഉപയോഗിച്ച്

11:10 AM

അഷ്ടാഭിഷേകം (15 എണ്ണം)

11 മുതല്‍ 11.30വരെ

ഉച്ചപൂജ

12:30 PM

നട അടയ്ക്കല്‍

1:00 PM

വൈകുന്നേരം

നട തുറക്കല്‍

3:00 PM

ദീപാരാധന

6:30 PM

പുഷ്പാഭിഷേകം

7 മണി മുതല്‍ 9.30pm വരെ

അത്താഴപൂജ

9.30pm മുതല്‍

ഹരിവരാസനം/നടയടയ്ക്കല്‍/
നട അടയ്ക്കല്‍

11:00 PM

നെയ്യഭിഷേകം - അയ്യപ്പസ്വാമിക്കുള്ള ഏറ്റവും പ്രധാനപ്പെട്ട വഴിപാടാണ് നെയ്യഭിഷേകം. ഈ പൂജാവിധി നടത്തുന്നതിന് നെയ്യ് നിറച്ച നാളികേരങ്ങളാണ് ഉപയോഗിക്കുന്നത്. രാവിലെ നാലു മണിക്ക് ആരംഭിക്കുന്ന നെയ്യഭിഷേകം ഉച്ചപൂജ വരെ (1 മണി) നീളുന്നു. അയ്യപ്പസ്വാമിയെയും ഉപപ്രതിഷ്ഠകളെയും ദര്‍ശിക്കുന്ന ചടങ്ങു കഴിഞ്ഞ് അയ്യപ്പന്‍മാരുടെ സംഘങ്ങള്‍ ഗുരുസ്വാമിയുടെ മേല്‍നോട്ടത്തില്‍ വിരിവയ്ക്കുന്നു. അവര്‍ കൊണ്ടുവന്നിട്ടുള്ള നെയ്ത്തേങ്ങകള്‍ ഒരുമിച്ച് ശേഖരിച്ച് വിരിയില്‍ ക്രമീകരിക്കുന്നു.

സന്നിധാനത്തിനു പുറകിലുള്ള ഭസ്മക്കുളത്തില്‍ കുളിച്ച ശേഷം സംഘത്തലവനായ ഗുരുസ്വാമി നെയ്ത്തേങ്ങകള്‍ ഉടച്ച് ഒരു പാത്രത്തില്‍ നെയ് ശേഖരിച്ച് ശ്രീകോവിലില‍്‍ അഭിഷേകം കഴിക്കുന്നു. അഭിഷേകം കഴിച്ച നെയ്യില്‍ ഒരു ഭാഗം പൂജാരി ഭക്തര്‍ക്ക് തിരികെ നല്‍കുന്നു. ശ്രീകോവിലില്‍നിന്നു ലഭിക്കുന്ന നെയ്യ് പവിത്രമായ പ്രസാദമായി ഭക്തര്‍ തിരികെ കൊണ്ടുപോകുന്നു. നെയ്ത്തേങ്ങ കൊണ്ടുപോകാന്‍ കഴിയാത്ത ഭക്തര്‍ക്ക് ദേവസ്വം ബോര്‍ഡ് ആടിയശിഷ്ടം നെയ്യ് ലഭ്യമാക്കാനുള്ള ക്രമീകരണം ചെയ്തിട്ടുണ്ട്.

നെയ്യ് മനുഷ്യാത്മാവിന്റെ പ്രതിരൂപമാണ്. അയ്യപ്പസ്വാമിക്ക് നെയ്യഭിഷേകം നടത്തുന്നതിലൂടെ ആത്മാവ് പരംപൊരുളില്‍ ലയിക്കുന്നു. നെയ്യ് ജീവാത്മാവും അയ്യപ്പസ്വാമി പരമാത്മാവുമാണ്.

നെയ്യ് മാറ്റിയ നാളികേരം ജഡത്തിന്റെ പ്രതിരൂപമാണ്. അതുകൊണ്ടാണ് ഈ നാളികേരങ്ങള്‍ ക്ഷേത്രത്തിനു മുമ്പിലുള്ള ആഴിയില്‍ അര്‍പ്പിക്കുന്നത്.

പടിപൂജ - തിരഞ്ഞെടുത്ത ദിവസങ്ങളില്‍ പൂഷ്പാഭിഷേകത്തിനു ശേഷം പവിത്രമായ പതിനെട്ടു പടികളില്‍ നടത്തുന്ന പൂജയാണ് പടിപൂജ. വൈകുന്നേരം മേല്‍ശാന്തിയുടെ സാന്നിധ്യത്തില്‍ തന്ത്രിയാണ് ഈ പൂജ നടത്തുന്നത്. പട്ടുമ പൂക്കളും കൊണ്ട് പടികള്‍ അലങ്കരിച്ച് അവയില്‍ പരമ്പരാഗത രീതിയിലുള്ള ദീപങ്ങള്‍ തെളിച്ച് തന്ത്രി ആരതി ഉഴിയുന്നതോടെ അവസാനിക്കുന്ന മണിക്കൂറുകള്‍ നീണ്ട പൂജയാണിത്.

ഉദയാസ്തമന പൂജ - സൂര്യോദയം മുതല്‍ അസ്തമയം  വരെ എന്ന അര്‍ത്ഥത്തിലാണ് ഉദയാസ്തമയ എന്നു പറയുന്നത്. അതിനാല്‍ ഉദയം മുതല്‍ അസ്തമയം വരെയുള്ള പൂജയെ ഇത് സൂചിപ്പിക്കുന്നു. പ്രഭാതം മുതല്‍ പ്രദോഷംവരെയാണ് ഉദയാസ്തമയപൂജ നടത്തുന്നത്. (നിര്‍മ്മാല്യം മുതല്‍ അസ്തമയപൂജ വരെ.) നിത്യപൂജയ്ക്കു പുറമെ ഭക്തരുടെ അഭിലാഷം അനുസരിച്ച് അര്‍ച്ചന, അഭിഷേകം തുടങ്ങിയ പ്രത്യേക പൂജകളും ഭഗവാന്റെ അനുഗ്രഹം ലഭിക്കാനായി നടത്തിവരുന്നു. പതിനെട്ടു പൂജകളില്‍ പതിനഞ്ചെണ്ണം ഉച്ചയ്ക്കു മുമ്പാണ്നടത്തുന്നത്. നാല്പത്തഞ്ച് കലശാഭിഷേകവും നടത്തിവരുന്നു.

കലശങ്ങള്‍ -

സഹസ്രകലശം - മനുഷ്യകുലത്തിന്റെ സൗഖ്യത്തിനായി അനുഗ്രഹങ്ങള്‍ തേടിക്കൊണ്ട് താന്ത്രികവേദങ്ങളും ആഗമശാസ്ത്രങ്ങളും അനുസരിച്ച് ഹരിഹരപുത്രനു നല്‍കുന്ന വഴിപാടാണ് സഹസ്രകലശം. എല്ലാ ദിവ്യാത്മാക്കളെയും അവരുടെ പരിപാവനമായ ധൂപത്തിന്റെ രൂപത്തിലും അമൂല്യങ്ങളും അര്‍ദ്ധമൂല്യമുള്ളവയുമായ കല്ലുകളായും ഏഴു സമുദ്രങ്ങളായും പുണ്യനദികളായും സ്വര്‍ണ്ണം, വെള്ളി, ചെമ്പ് എന്നിവയിലുള്ള പവിത്രകലശങ്ങളില്‍ ആവാഹിക്കുന്ന പാവനകര്‍മ്മമാണിത്.

ഉത്സവബലി - പാണി മുഴക്കിക്കൊണ്ടാണ് ഉത്സവബലിയുടെ ചടങ്ങുകള്‍ ആരംഭിക്കുന്നത്. ഉത്സവബലി ഭൂതഗണങ്ങള്‍ക്കുള്ള സമര്‍പ്പണമാണ്. ഭൂതഗണങ്ങളെ ക്ഷണിക്കാനാണ് പാണി മുഴക്കുന്നത്. തുടര്‍ന്ന് ക്ഷേത്രതന്ത്രി നാലമ്പലത്തിനു ചുറ്റിലും ബലിക്കല്‍പുരയിലുമുള്ള ബലിക്കല്ലുകള്‍ക്കു മുകളില്‍ വേകിച്ച ചോറ് വിതറുന്നു. സപ്തമാതൃക്കല്ലില്‍ ചോറ് വിതറിക്കഴിഞ്ഞ് മുഖ്യദേവതയുടെ തിടമ്പ് ശ്രീകോവിലിനു പുറത്തു് കൊണ്ടുവന്ന് ഭക്തര്‍ക്ക് ആരാധനയ്ക്കുള്ള അവസരമൊരുക്കുന്നു. അയ്യപ്പസ്വാമിക്ഷേത്രത്തിലെ വാര്‍ഷികോത്സവവുമായി ബന്ധപ്പെട്ടാണ് ഉത്സവബലി നടത്തുന്നത്.

പുഷ്പാഭിഷേകം - അയ്യപ്പസ്വാമിയുടെ മേല്‍ പുഷ്പങ്ങള്‍ അര്‍പ്പിക്കുന്നതാണ് പുഷ്പാഭിഷേകം. താമര, ജമന്തി,അരളി, തുളസി, മുല്ല, കൂവളത്തില എന്നിവയാണ് പുഷ്പാഭിഷേകത്തിനായി ഉപയോഗിക്കുന്ന പൂക്കളും ഇലകളും. പുഷ്പാഭിഷേകം നടത്താന്‍ ആഗ്രഹിക്കുന്ന ഭക്തര്‍ മുന്‍കൂട്ടി ബുക്ക് ചെയ്യേണ്ടതാണ്. പതിനായിരം രൂപയാണ് പുഷ്പാഭിഷേകം നടത്താനുള്ള ചെലവ്. ‍  

അഷ്ടാഭിഷേകം - ശബരിമല അയ്യപ്പസ്വാമിക്കുള്ള പ്രധാന വഴിപാടാണ് അഷ്ടാഭിഷേകം.

  • ഭസ്മം
  • പാല്‍
  • പഞ്ചാമൃതം
  • കരിക്കിന്‍വെള്ളം
  • ചന്ദനം
  • പനിനീര്‍
  • ജലം

എന്നിവയാണ് ശബരിമലയില്‍ അഷ്ടാഭിഷേകത്തിന് ഉപയോഗിക്കുന്ന എട്ട് ഇനങ്ങള്‍. (ഹിന്ദുമതപ്രകാരം അഷ്ടാഭിഷേകം വിവിധ ക്ഷേത്രങ്ങളില്‍ വ്യത്യസ്തരീതിയില്‍ നടത്താറുണ്ട്.)

കളഭാഭിഷേകം - പ്രതിഷ്ഠയുടെ ചൈതന്യം ശക്തിപ്പെടുത്താനായി നടത്തുന്ന പ്രധാന വിശേഷാല്‍പൂജയാണ് ‍കളഭാഭിഷേകം. കളഭാഭിഷേകത്തിന്റെ ഭാഗമായി മേല്‍ശാന്തിയുടെ സാന്നിധ്യത്തില്‍ തന്ത്രി നാലമ്പലത്തില്‍ വച്ച് കളഭകലശപൂജ നടത്തുന്നു. ഉച്ചപൂജയുടെ ഭാഗമായി തന്ത്രി വിഗ്രഹത്തില്‍ ചാര്‍ത്താനുള്ള ചന്ദനം സ്വര്‍ണ്ണപ്പാത്രത്തില്‍ എടുത്ത് ശ്രീകോവില്‍ വലംവച്ച ശേഷം അയ്യപ്പ വിഗ്രഹത്തില്‍ ചന്ദം ചാര്‍ത്തുന്നതോടെ കളഭാഭിഷേകത്തിന്റെ ചടങ്ങുകള്‍ അവസാനിക്കുന്നു.

ലക്ഷാര്‍ച്ചന - അര്‍ച്ചന എന്നാല്‍ നാമജപവും മന്ത്രോച്ചാരണവുമാണ്. ലക്ഷം എണ്ണത്തെ കുറിക്കുന്നു. ലക്ഷം തവണ മന്ത്രത്തിന്റെ രൂപത്തില്‍ ദേവതയുടെ നാമം ജപിക്കുന്നതാണ് ലക്ഷാര്‍ച്ചന.

മേല്‍ശാന്തിയുടെയും ഏതാനും പൂജാരിമാരുടെയും സഹായത്തോടെ തന്ത്രി സന്നിധാനത്തില്‍ ലക്ഷാര്‍ച്ചന നടത്തുന്നു. ലക്ഷാര്‍ച്ചനയ്ക്കു വേണ്ട ബ്രഹ്മകലശം ഉച്ചപൂജയ്ക്കു മുമ്പ് അഭിഷേകം നടത്തുന്നതിന് ഘോഷയാത്രയായി ശ്രീകോവിലിനുള്ളിലേക്ക് കൊണ്ടുപോകുന്നു.